SEARCH


Mayyakkal Bhagavathy Theyyam - മയ്യക്കാൽ ഭഗവതി തെയ്യം

Mayyakkal Bhagavathy Theyyam -  മയ്യക്കാൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Mayyakkal Bhagavathy Theyyam - മയ്യക്കാൽ ഭഗവതി തെയ്യം

പൊതാവൂർ മുണ്ട്യയിൽ തീ ചാമുണ്ഡി കെട്ടിയാടിയ അജിത്ത് പണിക്കർ ഇന്നലെ വിളിച്ചപ്പോൾ ഇന്ന് ചീമേനിയിൽ കുറച്ചു ദൂരെ മയ്യൽ എന്ന സ്ഥലത്ത് തെയ്യം ഉള്ള കാര്യം പറഞ്ഞത്. പരദേവത (വിഷ്ണുമൂർത്തി) അവരാണ് കെട്ടുന്നതും. മയ്യക്കാൽ ഭഗവതി എന്ന നാട്ടു പരദേവത തെയ്യം ഉള്ള കാര്യം എനിക്കും അറിയില്ല, അതിനാൽ തെയ്യം പുറപ്പെടുന്നതിനു മുന്നേ അവിടെ എത്തി. വയലിൽ പച്ച ഓല കൊണ്ട് ഒരു പതി കെട്ടി അവിടെയാണ് തെയ്യം കെട്ടിയാടുന്നത്. രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, മയ്യക്കാൽ ഭഗവതി എന്നീ തെയ്യങ്ങളാണ് ഉള്ളത്. കാവ് എവിടെ എന്ന് ചോദിച്ചപ്പോൾ, കാവ് കുറച്ചു അകലെ ഉണ്ടെന്നും അവിടെ അല്ല ഇവിടെയാണ് തെയ്യം എന്നും തറവാടുമായി ബന്ധപ്പെട്ട പത്മരാജൻ പറഞ്ഞു. എന്നാലും കാവ് ഒന്ന് കാണാമോ എന്ന് ചോദിച്ചപ്പോൾ എന്നെയും കൂട്ടി അവിടെ എത്തി. കാടുകൾക്കിടയിലൂടെ ഉള്ളിൽ എത്തിയപ്പോൾ, ചെറിയ കല്ല് തറകൾ മാത്രം. വൻ മരങ്ങളാൽ ചുറ്റപ്പെട്ട ഈ ചെറു കാവ് പ്രദേശം ശരിക്കും ദൈവീകമായ ഒരു അനുഭൂതി നൽകും. മയ്യക്കാൽ ഭഗവതി ആരൂഢമാണ് ഇവിടം. ചെറുവത്തൂർ ബസ്സ് സ്റ്റാൻഡിനു അടുത്ത് പള്ളിയിൽ ഭഗവതി ക്ഷേത്രം ഉണ്ട്, ഭദ്രകാളി സങ്കല്പത്തിലുള്ള ഇവിടെത്തെ ഭഗവതിയുടെ കെട്ടിക്കോലമാണ് മയ്യക്കാൽ ഭഗവതി എന്നും പറയപ്പെടുന്നു.. തേജസ്സിനി പുഴയുടെ അരികെ സ്ഥിതിചെയ്യുന്ന മയ്യൽ എന്ന ഈ കൊച്ചു ഗ്രാമത്തിൻ്റെ ഗ്രാമദേവത കൂടിയാണ് മയ്യക്കാൽ ഭഗവതി. കാഴ്ച്ചയിൽ തൊട്ടടുത്ത ഗ്രാമമായ കയ്യൂർ കാവിലെ ചെറളത്ത് ഭഗവതിയുടെ (കണ്ടത്തിലമ്മ) മുഖത്തെഴുത്താണ്. കാവും പരിസരവും ഇപ്പോൾ ദേവസ്വത്തിൻ്റെ കീഴിലാണ്. എന്തിനാ ഈ സ്ഥലം ദേവസ്വം കയ്യിൽ വെക്കുന്നത് നാട്ടുകാർക്കും അറിയില്ല. സംക്രമ സമയങ്ങളിൽ മറ്റു വിശേഷ ദിവസങ്ങളിലും ചില അടിയന്തരങ്ങൾ തടത്താറുണ്ട് എന്നല്ലാതെ വേറെ ഉത്സവങ്ങളോ ഒന്നുമില്ല. മയ്യൽ താഴത്ത് ഭണ്ഡാരപ്പുരയിൽ തറവാട്കാരാണ് വയലിൽ തെയ്യം നടത്തുന്നത്. ഭണ്ഡാരപ്പുരയിൽ വെച്ചാണ് തെയ്യം ഒരുങ്ങുന്നത്. പിന്നീട് വയലിലേക്ക് പോയിട്ടാണ് പുറപ്പാട്. കാലാകാലങ്ങളായി വയലിൽ ആണ് തെയ്യം കെട്ടിയാടുന്നത്, അത് ഇപ്പോളും തുടരുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848